ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സ്ഥലനാമ ചരിത്രം
ഇടുക്കിയുടെ നിബിഡ വനപ്രദേശത്തിന്‍റെ തുടര്‍ച്ചയായിരുന്നു കുടയത്തൂര്‍ ഗ്രാപഞ്ചായത്ത്. ശബരിമല ശാസ്താവ് യാത്രാമദ്ധ്യേ കുടയത്തൂരിലെ വനപ്രദേശത്ത് ഓലക്കുട വച്ചശേഷം വിശ്രമിക്കുകയുണ്ടായെന്നും കുട വെച്ച ഊരായതുകൊണ്ട് “കുടവെച്ചൂര്‍“ എന്നു പേരുണ്ടായെന്നും കാലപ്പഴക്കത്തില്‍ കുടവെച്ചൂര്‍, കുടയത്തൂര്‍ ആയി മാറിയെന്നുമാണ് കുടയത്തൂര്‍ പഞ്ചായത്തിന്‍റെ നാമകരണത്തെക്കുറിച്ചുള്ള കേട്ടുകേള്‍വി. ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ പടയാളികള്‍ പട വെട്ടിപിടിച്ച ഈ ദേശം അധീശാധികാരം സ്ഥാപിക്കുന്നതിന് ഏറ്റവും ഉയരമുളള മലയുടെ മുകളില്‍ കുടകളും കൊടി തോരണങ്ങളും കൊണ്ടലങ്കരിച്ച് ആഘോഷം നടത്തി. അങ്ങനെ കുടയും കൊടിയും നാട്ടിയ ഊരെന്ന് അര്‍ത്ഥമാകുന്ന കുടയത്തൂര്‍ എന്ന പേരു ലഭിച്ചു എന്ന് മറ്റു ചില രേഖകളില്‍ കാണുന്നു. കുടയത്തൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ തെക്കു ഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന പര്‍വ്വത നിരയ്ക്ക് 3500 അടി ഉയരമുണ്ട്. ഇത് വിന്ധ്യപര്‍വ്വതത്തിന്‍റെ പതിപ്പായതുകൊണ്ട് ഇതിനെ കുടയത്തൂര്‍ വിന്ധ്യന്‍- നെന്നു വിളിക്കുന്നു. ഇതില്‍ നിന്നാണ് കുടയത്തൂര്‍ എന്ന പേരു ലഭിച്ചതെന്ന ഒരു വിശ്വാസം കൂടെ നിലനില്‍ക്കുന്നുണ്ട്.
പ്രാദേശിക ചരിത്രം
മലയോര സമുദായത്തില്‍പ്പെട്ട ആദിവാസികളായിരുന്നു ഈ പ്രദേശത്തെ ആദ്യജനവിഭാഗം. വയനക്കാവ്, മങ്കൊമ്പുകാവ്, ചക്കിക്കാവ് തുടങ്ങിയ ക്ഷേത്രങ്ങള്‍ ഈ വിഭാഗത്തിന്‍റെ ആരാധനാലയങ്ങളായിരുന്നു. ആദ്യകാലത്ത് വെള്ളാള സമുദായത്തില്‍പ്പെട്ട 500 കുടുംബങ്ങള്‍ തെങ്കാശിയില്‍ നിന്നും, 300 കുടുംബങ്ങള്‍ കുംഭകോണത്തു നിന്നും തിരുവിതാംകൂറില്‍ കുടിയേറി. ഇതില്‍ ചില കുടുംബങ്ങള്‍ കുടയത്തൂര്‍, കോളപ്ര പ്രദേശങ്ങളിലാണ് വാസം ഉറപ്പിച്ചത്. അക്കാലത്ത് കൃഷി ചെയ്യാന്‍ കാടു വെട്ടിത്തെളിക്കുമ്പോള്‍ പഴക്കമേറിയ ഒരു തറയും അമ്പലത്തിന്‍റെ അവശിഷ്ടങ്ങളും കണ്ടെത്തുകയും ചെയ്തു. ഈ ക്ഷേത്രമാണ് ചക്കുളത്തുകാവായി ഇപ്പോള്‍ അറിയപ്പെടുന്നത്. “കൊരമ്പന്‍” എന്ന സ്ഥാനപേരുള്ള ആദിവാസിയായിരുന്നു മലയരയ സമുദായത്തിന്റെ തലവന്‍. കാരിക്കോട് തലസ്ഥാനമായ കീഴ്മലൈനാട് എന്ന നാട്ടുരാജ്യത്തിന്റെ അധികാരസീമയിലുള്ള പ്രദേശമായിരുന്നു ഇത്. മലയരയന്‍മാരായ ആദിവാസികളുടെ പേരില്‍ പല ഊരുകളും ഈ നാട്ടില്‍ ഒരു കാലത്തു നിലനിന്നിരുന്നു. പായ്കപ്പലുകള്‍ക്കും, പത്തേമാരികള്‍ക്കും, കെട്ടുവള്ളങ്ങള്‍ക്കും വേണ്ടിയുള്ള തടികള്‍ ഇവിടെ നിന്നും വന്‍തോതില്‍ വെട്ടിയിറക്കി വേമ്പനാട്ടുകായല്‍ വഴി വ്യാപാര കേന്ദ്രങ്ങളിലേക്കെത്തിച്ചിരുന്നു. വന്‍തോതിലുള്ള വനനശീകരണവും കുടിയേറ്റവും മൂലം ആദിവാസികള്‍ പിന്‍തള്ളപ്പെടുകയും ഭൂമി കുടിയേറ്റ കൃഷിക്കാരുടേയും തടിവെട്ടുകാരുടേയും അധീനതയിലാവുകയും ചെയ്തു. ഇതോടൊപ്പം സ്ഥലങ്ങള്‍ ഭൂരഹിതരായ പുലയ സമുദായത്തില്‍പ്പെട്ടവര്‍ക്ക് ദാനപ്പതിവായി കൊടുത്തു. കുടിയേറ്റവും വനനശീകരണവും അനുസ്യൂതം തുടരുകയും ചെയ്തു. ആദ്യകാലത്ത് ഭൂമിയുടെ ഉടമസ്ഥാവകാശം നിജമില്ലാത്തതായിരുന്നു. മാറിമാറി കാടുവെട്ടി കൃഷി ചെയ്തിരുന്നു എന്നൊഴിച്ചാല്‍ ഭൂമിയുടെ കൈവശാവകാശം സ്ഥിരമായിരുന്നില്ല.
സാമൂഹ്യ സാംസ്കാരിക ചരിത്രം
ആദ്യകാലത്ത് പുനം കൃഷിക്കുള്ള സ്ഥലം ഒരുക്കി നെല്ല്, വരക്, തിന, ചാമ തുടങ്ങിയ കൃഷികള്‍ മാത്രമാണ് ചെയ്തിരുന്നത്. കൃഷിപ്പണികള്‍ക്ക് കുടിയേറ്റക്കാര്‍ ആദിവാസികളേയും പുലയരേയും വേലക്കാരായി ഉപയോഗിക്കുകയും കഠിനമായി പണിയെടുപ്പിക്കുകയും ചെയ്തു. തുച്ഛമായ കൂലി കൊടുത്തുകൊണ്ട് ഭക്ഷണാവശ്യം കഴിഞ്ഞ് മിച്ചം വരുന്ന ധാന്യങ്ങള്‍ തലച്ചുമടായി കാരിക്കോടും തൊടുപുഴയിലും കൊണ്ടു പോയി വിറ്റ് പുകയില, ഉപ്പ്, വസ്ത്രങ്ങള്‍ തുടങ്ങിയവ വാങ്ങിയിരുന്നു. നടപ്പു വഴികളില്‍ കരിങ്കല്ലു കൊണ്ടു തീര്‍ത്ത ചുമടുതാങ്ങികള്‍ അക്കാലത്ത് അധ്വാനശീലരുടെ അത്താണികളായിരുന്നു. ദാഹിച്ചുവരുന്ന വഴിപോക്കര്‍ക്ക് ദാഹമകറ്റി വിശ്രമിക്കുന്നതിനായി തണ്ണീര്‍പന്തലുകളും വഴിയമ്പലങ്ങളും ഉണ്ടായിരുന്നു. മരത്തിന്റെ മുകളിലുള്ള ഏറുമാടം, ഈറ, മുള, പനയോല തുടങ്ങിയ സാധനങ്ങള്‍ ഉപയോഗിച്ചുള്ള വീടുകളായിരുന്നു ആദ്യകാലപാര്‍പ്പിടങ്ങള്‍. ആദ്യകാലങ്ങളില്‍ സ്ത്രീകള്‍ ഒറ്റമുണ്ടും പുരുഷന്‍മാര്‍ മുട്ടുമറയാത്ത തോര്‍ത്തും ധരിച്ചിരുന്നു. സമ്പന്നവിഭാഗത്തിലെ സ്ത്രീകള്‍ പുളിങ്ങമാല, മിന്ന്, തോട, പാമ്പടം, മേമ്പടം എന്നിവയും പുരുഷന്‍മാര്‍ കടുക്കനും അണിഞ്ഞിരുന്നു. വീടിനു മുന്‍വശത്തേക്കുള്ള പ്രവേശനം പോലും സ്ത്രീകള്‍ക്കു നല്‍കിയിരുന്നില്ല. പച്ചമരുന്നും മന്ത്രവുമായിരുന്നു ചികിത്സാവിധികള്‍. ആദ്യകാലത്ത് സമ്പന്നവിഭാഗം എഴുത്തുകളരി സ്ഥാപിച്ച് വിദ്യ അഭ്യസിച്ചിരുന്നു. ചെത്തു തൊഴിലാളികളായ മനപറത്ത് ശങ്കു, ചേലപ്ലാക്കല്‍ ചാച്ച, തേനാടികുളത്ത് അച്ചുതന്‍, മറ്റത്തില്‍ കുട്ടി തുടങ്ങിയവര്‍ മുന്‍കൈയെടുത്താണ് കാഞ്ഞാറില്‍ അവര്‍ണ്ണ സമുദായത്തില്‍പ്പെട്ടവര്‍ക്ക് ഈശ്വരാരാധന നടത്തുന്നതിന് ശിവക്ഷേത്രം (ഭജനമഠം) സ്ഥാപിച്ചത്. ഇക്കാലത്തു തന്നെ മുതിയാമലയില്‍ പുലയ സമുദായത്തില്‍പ്പെട്ടവര്‍ ശ്രീകുമാര മന്ദിരവും സ്ഥാപിച്ചു. ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അധഃസ്ഥിത ജനവിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ഒരു പരിധി വരെ സഹായിച്ചിട്ടുണ്ട്. 1872-ല്‍ കൂവപ്പള്ളി സി.എസ്.ഐ സഭ റവ.ഹെന്റി ബേക്കര്‍ (ജൂനിയര്‍) എന്ന പാശ്ചാത്യ സി.എം.എസ് മിഷനറിയാല്‍ സ്ഥാപിക്കപ്പെട്ടു. കീഴ്മലൈനാട് രാജ്യത്തിന്റെ പരിധിയില്‍ നിന്നും വടക്കുംകൂര്‍ രാജാവ് അധികാരം വെട്ടിപിടിക്കുകയും പിന്നീട് വേണാട് മാര്‍ത്താണ്ഡവര്‍മ്മ രാജാവ് യുദ്ധം ചെയ്ത് കീഴടക്കിയതായും ചരിത്രകാരന്‍മാര്‍ പറയുന്നു. ഇക്കാലത്തൊന്നും ഇന്നത്തെ രീതിയില്‍ ഉള്ള സര്‍വ്വേരേഖകളോ, നികുതി പിരിവുകളോ ഉണ്ടായിരുന്നില്ല. ‘വിരുത്തികെട്ടുക’ എന്ന ഒരു നികുതി സമ്പ്രദായം നിലവിലിരുന്നതായി പൂര്‍വ്വികന്‍മാര്‍ പറയുന്നു. രാജാവിനോ പ്രതിപുരുഷനോ ആണ്ടിലൊരിക്കല്‍ കാഴ്ച സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ഒരു ഏര്‍പ്പാടായിരുന്നു നിലനിന്നിരുന്നത്. കുടിയേറ്റ കൃഷിക്കാരുടെ വരവോടുകൂടി സ്ഥിര ദേഹണ്ഡങ്ങളായ തെങ്ങ്, കുരുമുളക്, കാപ്പി മുതലായവ കൃഷി ചെയ്യുന്നതോടു കൂടിയാണ് കൈവശാവകാശം ഉറപ്പായത്. ഇക്കാലത്ത് ഭൂമി സര്‍വ്വേ ചെയ്ത് കരം തിട്ടപ്പെടുത്തി ഈടാക്കാന്‍ തുടങ്ങി. ദിവാന്‍ മാധവരായരുടെ കാലത്താണ് പട്ടയം ലഭിച്ചു തുടങ്ങിയത്. റീജന്റ് റാണി ഭരിച്ചിരുന്നപ്പോള്‍ കേണല്‍ മണ്‍റോ എന്ന സായിപ്പ് ദിവാനാകുകയും ഭൂമി സര്‍വ്വേ ചെയ്ത് കണ്ടെഴുത്തു നടത്തി കരം തിട്ടപ്പെടുത്തിയതായി ചരിത്രം ഉണ്ട്. തുടര്‍ന്നു വന്ന മാറ്റങ്ങളിലൂടെയാണ് ഇന്നു കാണുന്ന രീതിയിലുളള വില്ലേജ് ആഫീസും ഉദ്യോഗസ്ഥന്‍മാരും കരം പിരിവും തുടങ്ങിയത്. 1926-ന് മുന്‍പാണ് തൊടുപുഴയില്‍ നിന്നും മൂലമറ്റം വരെ റോഡ് എന്ന് വിളിക്കുന്ന വെട്ടുവഴി ഉണ്ടായത്. കമ്പി അഴി ഉള്ളതും കരി ഗ്യാസ് കൊണ്ട് ഓടിച്ചിരുന്നതുമായ ബസ് സര്‍വ്വീസ് ആരംഭിച്ചത് ടി.ജി.ശങ്കരന്‍നായര്‍, മണിമല തെക്കേതില്‍ കൊന്തലാശാന്‍ എന്നിവരായിരുന്നു. പോലീസ് ഔട്ട് പോസ്റ്റ്, ചന്ത, അഞ്ചലാപ്പീസ് എന്നിവ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയത് വഞ്ചികുന്നേല്‍ സുലൈമാന്‍ റാവുത്തര്‍ ആണ്. പാലേകുന്നേല്‍ മുഹമ്മദ് റാവുത്തരുടെ മാനേജ്മെന്റിലാണ് കാഞ്ഞാറില്‍ ആദ്യമായി സ്കൂള്‍ ഉണ്ടായത്. ഇത് പിന്നീട് ഇപ്പോഴുള്ള സെന്റ് ജോസഫ് സ്കൂളായി മാറി. കുടയത്തൂര്‍ പഞ്ചായത്തിലെ മിക്കവാറും വിദ്യാലയങ്ങള്‍ സ്വാതന്ത്ര്യ പ്രാപ്തിക്കു മുമ്പേ ഉണ്ടായിരുന്നവയാണ്. കുടയത്തൂര്‍ സര്‍ക്കാര്‍ ഹൈസ്കൂളിന് ഏതാണ്ട് ഒന്നര നൂറ്റാണ്ട് പഴക്കമുണ്ട്.
കാര്‍ഷിക ചരിത്രം
കുടയത്തൂര്‍ പഞ്ചായത്ത് ആദ്യകാലഘട്ടങ്ങളില്‍ വനപ്രദേശവും ആദിവാസി അധിനിവേശകേന്ദ്രവുമായിരുന്നു. അന്ന് ഇവിടെ നിലനിന്നിരുന്നത് കുറുമ്പൂപ്പ് കൃഷി രീതിയായിരുന്നു. കാടു വെട്ടി തീയിട്ട് കൃഷിയിറക്കുക. പിന്നീട് അടുത്ത വര്‍ഷം ഈ സ്ഥലം ഉപേക്ഷിച്ച് മറ്റൊരു പ്രദേശം ഈ രീതിയില്‍ കൃഷിയ്ക്ക് ഉപയോഗിക്കുക. നെല്ല്, ചാമ, പഞ്ഞപ്പുല്ല്, മുതിര, തിന, തുവര എന്നീ ധാന്യങ്ങളും കിഴങ്ങു വര്‍ഗ്ഗങ്ങളുമായിരുന്നു ആദ്യകാല കൃഷികള്‍. സ്ഥിര താമസം തുടങ്ങിയതോടെ തെങ്ങ്, കുരുമുളക്, തുടങ്ങിയവ കൃഷി ചെയ്യുകയും, ഇടവിളയായി കപ്പ, ചേന, കാച്ചില്‍, വാഴ തുടങ്ങിയവ കൃഷി ചെയ്യുകയും ചെയ്തിരുന്നു. പുഴയോടു ചേര്‍ന്ന സമതലഭൂമിയില്‍ നെല്ലും കൃഷി ചെയ്തിരുന്നു. ഈ പഞ്ചായത്തിലെ ഭൂപ്രകൃതി തെക്കും വടക്കും ചെരിഞ്ഞ മലമ്പ്രദേശവും മദ്ധ്യഭാഗം ചെറിയ ഒരു സമതലവുമാണ്. ഇവിടത്തെ മണ്ണ് ചെമ്മണ്ണും പാറപ്പൊടി കലര്‍ന്ന മണല്‍മണ്ണും ആണ്. മഴയെ മാത്രം ആശ്രയിച്ചാണ് ഇവിടെ കൃഷി നടത്തുന്നത്.